2013, മേയ് 18, ശനിയാഴ്‌ച

പല തുള്ളി പെരുവെള്ളം

എം.പി. വീരേന്ദ്രകുമാര്‍


കുടിവെള്ളക്ഷാമം ഒരു വിദൂരപ്രശ്‌നമല്ല. അത് പൂമുഖം കടന്ന് നമ്മുടെ വീടുകളിലെ അടുക്കളകൡ എത്തിയിരിക്കുന്നു. അഥവാ വീട്ടില്‍ വിരുന്നുകാരെത്തുന്നതുപോലും നമ്മുടെചങ്കിടിപ്പ് കൂട്ടുന്നു. കുടിക്കാന്‍ കൊടുക്കാന്‍ വെള്ളമില്ല. കുളിക്കാന്‍ വെള്ളമില്ല. അലക്കാനും മറ്റ് അത്യാവശ്യകാര്യങ്ങള്‍ക്കും വെള്ളമില്ല... കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരമൊരവസ്ഥയെക്കുറിച്ച് നമുക്ക് സങ്കല്പിക്കാന്‍ പോലുമായിരുന്നില്ല
ഇക്കഴിഞ്ഞ മെയ് നാലാംതീയതി ഞാന്‍ ബാംഗ്ലൂരിലായിരുന്നു. രാവിലെ പത്രം വായിച്ചുകൊണ്ടിരിക്കെ ഒരു വാര്‍ത്തയില്‍ കണ്ണുകളുടക്കി-'കുടിവെള്ളത്തര്‍ക്കത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു'. ആര്‍.ടി. നഗറിലെ ദാസപ്പ ഗാര്‍ഡന്‍ പ്രദേശത്ത് കുടിവെള്ളവിതരണത്തിന്റെ ചുമതല വഹിച്ച വടിവേല്‍ എന്നയാളെ ആവശ്യത്തിന് വെള്ളം കിട്ടുന്നില്ലെന്ന് പരാതിപ്പെട്ട ശങ്കരപ്പ എന്നയാള്‍ ഒരു പാറയുടെ മുകളിലേക്ക് തള്ളിയിടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വടിവേല്‍ മരണപ്പെട്ടു. 

ഇതുവരെ കേള്‍ക്കാത്ത മറ്റൊരു വാര്‍ത്തയാണ് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കേട്ടത്. കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ ചെറുകിട ഹോട്ടലുകളും ശീതളപാനീയക്കടകളും കൊടിയ ജലക്ഷാമത്തെത്തുടര്‍ന്ന് പൂട്ടിക്കൊണ്ടിരിക്കുകയാണ്. ചിലേടങ്ങളില്‍നിന്ന് ആളുകള്‍ വീടൊഴിഞ്ഞ്‌പോകാനും തുടങ്ങിയിട്ടുണ്ട്. ബാലുശ്ശേരിയുടെ പ്രാന്തപ്രദേശങ്ങളില്‍നിന്നാണ് ആളുകള്‍ വീടുവിട്ടുപോയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. താമസിയാതെ ഈ ഒഴിച്ചുപോക്ക് മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കും. വേനല്‍ക്കാലത്തും സമൃദ്ധമായി വെള്ളമുണ്ടായിരുന്ന പല പുഴകളും വറ്റിവരണ്ടുകൊണ്ടിരിക്കുകയാണ്. ഏതാനും അങ്കണവാടികളും അടച്ചുപൂട്ടിക്കഴിഞ്ഞിട്ടുണ്ട്. പണം കൊടുത്താലും വെള്ളം കിട്ടാനില്ലാത്ത അവസ്ഥ കേരളത്തില്‍ മുന്‍പൊരിക്കലുമുണ്ടായിട്ടില്ല. വന്ധ്യമായ മഴമേഘങ്ങളുടെ പ്രലോഭനങ്ങളില്‍ മനുഷ്യര്‍ വിയര്‍ത്തുകുളിക്കുന്നു. അകത്തും ചൂട്, പുറത്തും ചൂട്.

നാടിനെ കുടിവെള്ളക്ഷാമം അതിഗുരുതരമായി ഗ്രസിച്ചുകൊണ്ടിരിക്കയാണെന്ന വസ്തുതയുടെ പശ്ചാത്തലത്തില്‍ ഈ വാര്‍ത്തയ്ക്ക് അസ്വസ്ഥകരമായ പ്രാധാന്യമുണ്ട്. ഭൂമി വിണ്ടുകീറുകയും കുടിവെള്ളം കിട്ടാക്കനിയാകുകയും ചെയ്യുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആവര്‍ത്തിക്കപ്പെടുമെന്നതില്‍ ഒട്ടും സന്ദേഹം വേണ്ട.
അതിഭീകരമായ ഈ അവസ്ഥയെക്കുറിച്ച് 2000 സപ്തംബറില്‍ 'പ്രത്യാശകളും ആശങ്കകളും' എന്ന ലേഖനത്തില്‍ ('രോഷത്തിന്റെ വിത്തുകള്‍', മാതൃഭൂമി ബുക്‌സ്) വിശദമായി പ്രതിപാദിച്ചിരുന്നു. പതിന്നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ നിരീക്ഷണങ്ങളില്‍ നിന്നൊരു പ്രസക്തഭാഗം:

''ഭൗമതപനത്തിന്റെ ഫലമായി കഠിനമായ വരള്‍ച്ച ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2050-ല്‍ വരള്‍ച്ചമൂലം കാര്‍ഷികമേഖലയില്‍ വന്‍തകര്‍ച്ചയുണ്ടാകുമെന്നാണ് അവരുടെ നിഗമനം. ഇപ്പോള്‍ത്തന്നെ ലോകജനസംഖ്യയുടെ 20 ശതമാനത്തിലേറെ പേര്‍ക്ക് കുടിവെള്ളം ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്. മഴ കുറഞ്ഞുകുറഞ്ഞുവരികയാണ്. ലഭ്യമാകുന്ന മഴവെള്ളമാകട്ടെ, അതിശീഘ്രം വറ്റിപ്പോകുകയും ചെയ്യുന്നു. മഴക്കാലത്ത് വെള്ളം സംഭരിച്ചുവെക്കാന്‍ നമുക്ക് കഴിയുന്നില്ല. കൊടിയ വേനല്‍ തുടങ്ങുന്നതിന് മുമ്പുതന്നെ ഗ്രാമാന്തരങ്ങളില്‍പ്പോലും ജലക്ഷാമം അനുഭവപ്പെടാന്‍ തുടങ്ങുന്നു. പിന്നെ വെള്ളത്തിനുവേണ്ടിയുള്ള പരക്കംപാച്ചിലാണ്... ഇക്കണക്കിനുപോയാല്‍ മഴമേഘങ്ങള്‍ക്കുവേണ്ടി ആകാശത്ത് കണ്ണുംനട്ട് വേഴാമ്പലുകളെപ്പോലെ മനുഷ്യരാശി കഴിയുന്ന കാലം വിദൂരമാവില്ല.''

പ്രകൃതിയുടെമേല്‍ മനുഷ്യര്‍ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശങ്ങളും കൊടുംചൂഷണങ്ങളുമാണ് രൂക്ഷമായ കുടിവെള്ളപ്രതിസന്ധിയിലേക്ക് നമ്മെ തള്ളിയിട്ടത്. ഹരിതാഭമായ താഴ്‌വരകളും ഭൂമിയെ തഴുകിയൊഴുകിക്കൊണ്ടിരുന്ന നദികളും മഞ്ഞണിഞ്ഞ പ്രഭാതങ്ങളും ഭൂതകാല സൗഭാഗ്യങ്ങളുടെ നഷ്ടസ്മരണകളായിക്കൊണ്ടിരിക്കുന്നു. അവയുടെ സ്ഥാനത്ത് നരച്ചുണങ്ങിയ മലനിരകളും വിണ്ടുകീറിക്കിടക്കുന്ന ഭൂമിയും ആസന്നമരണത്തിലേക്ക് വെറും നീര്‍ച്ചാലുകളായി ഒടുങ്ങിക്കൊണ്ടിരിക്കുന്ന നദികളും അഭിശപ്തസത്യങ്ങളായി നമുക്കുമുന്നിലുണ്ട്. കുടിക്കാനും കുളിക്കാനും കന്നുകാലികള്‍ക്ക് കൊടുക്കാനും ജലസേചനത്തിനും ആവശ്യമായ വെള്ളം കിട്ടാതെവരുമ്പോള്‍, വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം വളരുന്നത് സ്വാഭാവികം. മനുഷ്യനെ മാത്രമല്ല, ഈ ജലദുരന്തം മൊത്തം ജൈവസമൂഹത്തെ ബാധിച്ചിട്ടുണ്ട്.

നമ്മുടെ രാജ്യത്ത് മഴയിലുണ്ടായ ഭീമമായ കുറവ്, ജലത്തിന്റെ ദുര്‍വിനിയോഗം, ആഗോളതാപനമടക്കമുള്ള പ്രകൃതിവിപത്തുകള്‍, അണക്കെട്ടുകളുടെ ആധിക്യം, ജലവിഭവങ്ങള്‍ പാഴാക്കല്‍ തുടങ്ങി നിരവധി കാരണങ്ങളുണ്ട്, ഇന്ന് നാം നേരിടുന്ന കുടിവെള്ളപ്രതിസന്ധിക്ക്. ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ വകുപ്പിന്റെ കണക്കുകളനുസരിച്ച്, ലോകത്തില്‍വെച്ച് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്ന ചിറാപ്പുഞ്ചിയില്‍ ഇന്ന് ലഭിക്കുന്നത് ശരാശരി 428 ഇഞ്ച് മഴ മാത്രമാണ്. 1860-'61 കാലത്താകട്ടെ, ഇത് 1,041 ഇഞ്ചായിരുന്നുവെന്ന് പ്രസ്തുത വകുപ്പ് ചൂണ്ടിക്കാണിക്കുന്നു. പത്തുനൂറ്റമ്പത് വര്‍ഷങ്ങള്‍ക്കിടയ്ക്കാണ് മഴലഭ്യതയില്‍ വന്‍കുറവുണ്ടായത്. അതിന്റെ ഫലമായി, ഒരുകാലത്ത് ജലസമൃദ്ധിയില്‍ അഭിമാനിച്ചിരുന്ന ചിറാപ്പുഞ്ചിയിലെ ആളുകള്‍, ഇന്ന് ഒരു ബക്കറ്റിന് എട്ടുരൂപ നിരക്കില്‍ വെള്ളം വിലയ്ക്കുവാങ്ങിക്കൊണ്ടിരിക്കുന്നു.
ചിറാപുഞ്ചി കഴിഞ്ഞാല്‍ വയനാട്ടിലെ ലക്കിടിയിലായിരുന്നു ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്നത്. ലക്കിടിക്കു ചുറ്റുമുള്ള മലനിരകളില്‍നിന്ന് താഴോട്ടൊഴുകുന്ന കൊച്ചുകൊച്ചു വെള്ളച്ചാട്ടങ്ങള്‍ എന്റെ ചെറുപ്പകാലത്ത് കണ്ണിനു കുളിരുപകര്‍ന്ന കാഴ്ചയായിരുന്നു. ഇപ്പോള്‍ അവയൊക്കെ നഷ്ടസൗഭാഗ്യങ്ങളായിക്കഴിഞ്ഞു. സമൃദ്ധമായി മഴ ലഭിച്ചുകൊണ്ടിരുന്ന വയനാട്ടിലെ മറ്റു പ്രദേശങ്ങളുടെ അവസ്ഥയും ഇതില്‍നിന്ന് ഭിന്നമല്ല. പല പുഴകളും തോടുകളും വറ്റിക്കഴിഞ്ഞു. ചിലേടങ്ങളില്‍ പുഴയൊഴുകിയ സ്ഥാനത്ത് നേര്‍ത്ത നീര്‍ച്ചാലുകള്‍ അവശേഷിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കകം അതും വറ്റിവരണ്ടുപോകും. 

ഇതോടനുബന്ധിച്ച്, 1986-ല്‍ കേരളത്തില്‍ ഞാന്‍ വനംമന്ത്രിയായി സ്ഥാനമേറ്റയുടന്‍ നടന്ന ചിലകാര്യങ്ങള്‍ ഓര്‍ത്തുപോകുന്നു. വനംമന്ത്രിയെന്ന നിലയ്ക്ക്, എന്റെ ആദ്യത്തെ ഓര്‍ഡര്‍ വനത്തിലെ മരങ്ങള്‍ മുറിച്ചുമാറ്റുന്നത് നിരോധിച്ചുകൊണ്ടുള്ളതായിരുന്നു. വനങ്ങള്‍ നശിച്ചുകഴിഞ്ഞാല്‍, പുഴകള്‍ വറ്റിവരളും. വെള്ളം ഭൂമിയിലേക്കിറങ്ങില്ല. അതോടെ കുടിവെള്ളമില്ലാതാകും. കുടിക്കാന്‍ വെള്ളം വേണ്ടേ? വരും തലമുറകള്‍ക്ക് കൂടി അവകാശപ്പെട്ട ജലസ്രോതസ്സുകളാണ് വനനശീകരണത്തിലൂടെ നാം ഇല്ലാതാക്കുന്നത്. വനമൊരു വരുമാനമാര്‍ഗമല്ല, അത് മൂലധനമാണ് തുടങ്ങിയ എന്റെ നിലപാടുകള്‍ കേട്ടപ്പോള്‍ പലരുമന്ന് പരിഹസിച്ചു ചിരിച്ചു. ഏതായാലും 48 മണിക്കൂറുകള്‍ക്കുള്ളില്‍ ഞാന്‍ മന്ത്രിസ്ഥാനം രാജിവെച്ചു.

കുടിവെള്ളക്ഷാമം ഒരു വിദൂരപ്രശ്‌നമല്ല. അത് പൂമുഖം കടന്ന് നമ്മുടെ വീടുകളിലെ അടുക്കളകളിലെത്തിയിരിക്കുന്നു. അഥവാ വീട്ടില്‍ വിരുന്നുകാരെത്തുന്നതുപോലും നമ്മുടെ ചങ്കിടിപ്പ് കൂട്ടുന്നു. കുടിക്കാന്‍ കൊടുക്കാന്‍ വെള്ളമില്ല. കുളിക്കാന്‍ വെള്ളമില്ല. അലക്കാനും മറ്റ് അത്യാവശ്യകാര്യങ്ങള്‍ക്കും വെള്ളമില്ല... കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരമൊരവസ്ഥയെക്കുറിച്ച് നമുക്ക് സങ്കല്പിക്കാന്‍ പോലുമായിരുന്നില്ല.
കുടിവെള്ളക്ഷാമം നേരിടാനുള്ള കര്‍മപരിപാടികളില്‍ മഴവെള്ളസംഭരണത്തിന് അടിയന്തരപ്രാധാന്യമുണ്ട്. രാജ്യത്ത് പലയിടങ്ങളിലും പരീക്ഷിച്ച് ആശാവഹമായ ഫലങ്ങള്‍ അവയുണ്ടാക്കിയിട്ടുമുണ്ട്. രാജ്യത്തെ ഏറ്റവും വരണ്ട പ്രദേശമായ രാജസ്ഥാനിലെ ജയ്‌സാല്‍മര്‍ പട്ടണത്തില്‍, ഒരൊറ്റ ഹെക്ടറില്‍ നടത്തിയ മഴവെള്ളസംഭരണത്തെത്തുടര്‍ന്ന് പത്തു ലക്ഷം ലിറ്റര്‍ ജലം ലഭിച്ചു - ഒരാള്‍ക്ക് 15 ലിറ്റര്‍ വെള്ളം എന്ന കണക്കിന് 182 പേര്‍ക്ക് ഒരു വര്‍ഷത്തെ ആവശ്യത്തിനുള്ളത്രയും വെള്ളം. അവിടെ പ്രതിവര്‍ഷം ലഭിക്കുന്നത് നൂറു മില്ലിമീറ്റര്‍മാത്രം മഴയാണെന്നോര്‍ക്കുക. 'പലതുള്ളി പെരുവെള്ളം' എന്ന പ്രിയങ്കരമായ നമ്മുടെ പഴമൊഴി സാര്‍ഥകമായിരിക്കുന്നു. 

എന്റെ അടുത്ത സുഹൃത്തും 'ഡൗണ്‍ ടു എര്‍ത്തി'ന്റെ എഡിറ്ററുമായ സുനിതാ നാരായണ്‍ ഒരിക്കല്‍ പറഞ്ഞത് ഓര്‍ത്തുപോകുന്നു. ''മണ്‍സൂണുകളില്‍ ശരാശരി 3,000 മില്ലി മീറ്റര്‍ മഴ ലഭിക്കുന്ന മലയാളികള്‍ക്ക് വെള്ളത്തിന്റെ വിലയറിയില്ല. നിങ്ങള്‍ രാജസ്ഥാന്റെ അനുഭവങ്ങളില്‍നിന്ന് പാഠങ്ങള്‍ പഠിക്കണം. അവര്‍, മഴവെള്ളം കടലിലേക്കൊഴുകിപ്പോവുന്നത് തടഞ്ഞ്, ഓരോ തുള്ളിയും നിധിപോലെ സംരക്ഷിക്കുന്നു. സംഭരിച്ച് സൂക്ഷിക്കുന്നു.'' മഴവെള്ളസംഭരണത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ മാതൃഭൂമി പത്രം 1996-ല്‍ പ്രചാരണപരിപാടി നടത്തിയിരുന്നു. പ്രസ്തുത പ്രചാരണത്തിന്റെ മുദ്രാവാക്യം, 'പലതുള്ളി പെരുവെള്ളം' എന്നുതന്നെയായിരുന്നുവെന്നും സാന്ദര്‍ഭികമായിവിടെ കുറിക്കട്ടെ.

നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാടിന്റെ മഴവെള്ളസംഭരണ പരിപാടികള്‍പോലും കേരളത്തേക്കാള്‍ മികച്ചതാണ്. 2003-ല്‍, പഴയതും പുതിയതുമായ എല്ലാ കെട്ടിടങ്ങളിലും മഴവെള്ളസംഭരണത്തിനാവശ്യമായ സംവിധാനമൊരുക്കണമെന്ന് അനുശാസിക്കുന്ന ഒരു ഓര്‍ഡിനന്‍സ് തമിഴ്‌നാട് സര്‍ക്കാര്‍ പാസാക്കിയിരുന്നു. അതുവഴി കടലിലേക്ക് ഒഴുകിപ്പോയിരുന്ന മഴവെള്ളത്തിന്റെ 42 ശതമാനത്തോളം ഭൂമിക്കടിയില്‍ സംഭരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. 

ചെന്നൈ നഗരത്തില്‍മാത്രം 150 ചതുരശ്ര കി.മീ. പ്രദേശത്ത് മഴവെള്ളം സംഭരിച്ച് സൂക്ഷിച്ചിരിക്കുന്നതായി സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. തമിഴ്‌നാട്ടില്‍ മഴവെള്ളക്കൊയ്ത്ത് ഒരു ജനകീയപ്രസ്ഥാനമായി വളര്‍ന്നുകഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ ലഭിക്കുന്ന മഴയേക്കാള്‍ കുറവ് മഴ മാത്രമേ പൊതുവേ വരണ്ട സംസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെട്ടുവരുന്ന തമിഴ്‌നാടിന് ലഭിക്കുന്നുള്ളൂ എന്ന കാര്യം ഇവിടെ പ്രത്യേകം ഓര്‍ക്കണം. 
മഴവെള്ളസംഭരണകാര്യത്തില്‍ തമിഴ്‌നാട് മാത്രമല്ല, കര്‍ണാടക സംസ്ഥാനവും കേരളത്തെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്. 2012-ല്‍ കര്‍ണാടക നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ട ഒരു ബില്ലില്‍ മഴവെള്ളസംഭരണം മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ നിര്‍ബന്ധമാണെന്ന് അനുശാസിച്ചിട്ടുണ്ട്. 1200 ചതുരശ്രയടി മുതല്‍ വിസ്തീര്‍ണമുള്ള കെട്ടിടങ്ങളുടെ ഉടമകള്‍ മഴവെള്ളസംഭരണത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്ന് പ്രസ്തുതബില്ലില്‍ വ്യവസ്ഥചെയ്തിട്ടുണ്ട്. അങ്ങനെ സംഭരിക്കുന്ന വെള്ളം പുനരുപയോഗപ്പെടുത്തുകയോ ഭൂഗര്‍ഭജലത്തെ റീചാര്‍ജ്‌ചെയ്യാന്‍ വിനിയോഗിക്കുകയോ ചെയ്യാവുന്നതാണ്. ഹിമാചല്‍പ്രദേശ്, ഗുജറാത്ത്, ഹരിയാണ, രാജസ്ഥാന്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും മഴവെള്ളസംഭരണത്തിന് വര്‍ഷങ്ങള്‍ക്കുമുന്‍പുതന്നെ നിയമനിര്‍മാണം നടത്തിയിട്ടുണ്ടെന്നുകൂടി ഇവിടെ കുറിക്കട്ടെ.

കേരള സര്‍ക്കാറും മഴവെള്ളക്കൊയ്ത്ത് സംബന്ധിച്ച് 2004-ല്‍ത്തന്നെ 'കേരള മുനിസിപ്പാലിറ്റി ബില്‍ഡിങ് (ദേഭഗതി) നിയമം' എന്ന പേരില്‍ നിയമനിര്‍മാണം നടത്തിയിരുന്നു. വസതികള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആസ്​പത്രികള്‍, അസംബ്ലി, ഓഫീസ്, ബിസിനസ് കെട്ടിടങ്ങള്‍ എന്നിവയുടെ മട്ടുപ്പാവുകളില്‍ വീഴുന്ന മഴവെള്ളം ടാങ്കുകളില്‍ സംഭരിച്ച് സംരക്ഷിക്കുക എന്നതായിരുന്നു പ്രസ്തുത നിയമത്തിന്റെ കാതല്‍. ഓലമേഞ്ഞ കെട്ടിടങ്ങളെ മാത്രമാണ് ഈ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിരുന്നത്.

പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങളില്‍ മഴവെള്ളസംഭരണം നിര്‍ബന്ധമാക്കിയിരുന്നു. ജലസംഭരണവും ഭൂഗര്‍ഭജല റീച്ചാര്‍ജിങ്ങും ആരോഗ്യകരമായ സാഹചര്യത്തില്‍ വേണം നടപ്പാക്കുക എന്നും നിയമം അനുശാസിക്കുന്നു. കേരള ജല അതോറിറ്റി, ജലനിധി എന്നീ സ്ഥാപനങ്ങളെ മഴവെള്ളക്കൊയ്ത്തിനായി ഫലപ്രദമായി ഉപയോഗിക്കണമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ടായിരുന്നു. ഇതോടനുബന്ധിച്ച് 8,750 കിണറുകള്‍ ഉപയോഗപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഈ ദൗത്യത്തില്‍ പങ്കുചേരുമെന്ന് വ്യക്തമാക്കുകയുണ്ടായി. 2004-ലെ നിയമത്തിന് 2006-ലും 2009-ലും ഭേദഗതികള്‍ നിര്‍ദേശിക്കപ്പെട്ടു. 2006-ലെ ഭേദഗതിയനുസരിച്ച് അഞ്ച് സെന്റ് (200 ചതുരശ്രമീറ്റര്‍) വിസ്തീര്‍ണത്തിലുള്ള വസതിയിലും ജലസംഭരണി സ്ഥാപിക്കണമെന്ന് അനുശാസിച്ചിരുന്നു. 2009-ലെ ഭേദഗതി 320/150 ചതുരശ്രമീറ്റര്‍ എന്നനിലയില്‍ വീടുനില്‍ക്കുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണം പുനഃക്രമീകരിക്കുകയുണ്ടായി. ഇങ്ങനെയൊക്കെ നിയമനിര്‍മാണം നടന്നുവെങ്കിലും വഞ്ചിയിപ്പോഴും തിരുനക്കരെത്തന്നെ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ